അരൂർ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1762 വരെ അരൂര്‍ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. കേരളത്തിലെ ഭൂമിയുടെ വിവിധതലങ്ങള്‍ തിരിച്ചു കാണിക്കുന്ന ജിയോളജിക്കല്‍ സര്‍വ്വേയുടെ ഭൂപടത്തില്‍ നിന്നും മണല്‍പ്രദേശങ്ങള്‍ ഏറ്റവും ഒടുവിലായി രൂപം കൊണ്ടതാണെന്ന വസ്തുത മനസ്സിലാക്കാന്‍ കഴിയും. അരൂരിനെക്കുറിച്ചുള്ള പഠനത്തിന്റെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടത് കാര്‍ത്ത്യായനി ക്ഷേത്രമാണ്. ഈ പ്രദേശത്തെ ഏറ്റവും പ്രാചീനമായ സ്ഥാപനവും അതാകുന്നു. ചെമ്പകശേരിയിലെ പൂരാടം തിരുനാള്‍ ദേവനാരായണന്റെ(1556-1622) സമകാലികനായ വില്വമംഗലം തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരേക്ക് മടങ്ങുന്ന വഴി അരൂര്‍ പ്രദേശത്തു വന്നുചേരുകയും ഇന്നത്തെ ക്ഷേത്രസങ്കേതത്തിന്റെ വടക്കുഭാഗത്തായി ഒരു മാവുവൃക്ഷത്തിന്റെ ചോട്ടിലായി ഒരു തേജപുഞ്ജം കാണാന്‍ ഇടയാകുകയും അദ്ദേഹം ആ ശക്തിയെ ആവാഹിച്ച് ഇന്നത്തെ ക്ഷേത്രസങ്കേതത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. കേരളത്തില്‍ കാടും, പടലും പിടിച്ചുകിടന്നിരുന്ന അക്കാലത്തെ പല പ്രദേശങ്ങളിലും ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നതിനും ഒപ്പം വാസയോഗ്യമായ ജനവാസകേന്ദ്രങ്ങളാക്കിമാറ്റുന്നതിനും ദീപ്തിദര്ശനകഥകളും, വേരുവെട്ടിയപ്പോഴും കല്ലു വെട്ടിയപ്പോഴും രക്തം കണ്ട കഥകളും കേരളത്തിലുടനീളം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം നിര്‍മ്മിക്കുന്ന കാലത്ത് പ്രബലരായ അരയസമുദായംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് ക്ഷേത്രനിര്‍മ്മാണം നടത്തിയത്. ഇന്നും ക്ഷേത്രോത്സവത്തിന് നാന്ദികുറിക്കുന്ന കൊടിയേറ്റിനാവശ്യമായ കയര്‍, കൊട്ടും കുരവയുമായി ക്ഷേത്രത്തിലെത്തിക്കുന്നത് ധീവരസമുദായംഗങ്ങളാണ്. എ.ഡി 1600-ാമാണ്ടോടെ ആകണം, ക്ഷേത്രപ്രതിഷ്ഠ നടത്തിയിട്ടുള്ളത്. എ.ഡി 1663-ാമാണ്ട് ഡച്ചുകാര്‍ കൊച്ചിയില്‍ ആക്രമണം നടത്തിയതിനുശേഷം ഇവിടെയും വന്നുചേരുകയും ഇവിടുത്തെ ക്ഷേത്രങ്ങള്‍ ആക്രമിച്ചു നശിപ്പിക്കുകയും ചെയ്തു. അതോടെ ഈ പ്രദേശത്തുണ്ടായിരുന്ന ബ്രാഹ്മണര്‍ ഭയവിഹ്വലരായി നാടുവിടുകയും കുറച്ചു കാലത്തിനുശേഷം നായര്‍, പട്ടാര്യന്മാര്, ഈഴവര്‍ തുടങ്ങിയ സമുദായക്കാര്‍ ഇവിടെ വന്നുചേരുകയും ചെയ്തു എന്നനുമാനിക്കാം. അരൂര്‍ കാര്ത്ത്യായനീക്ഷേത്രത്തിനു വടക്കുകിഴക്കു മാറി പുതുവാരനാട്ടുക്ഷേത്രം സ്ഥിതി ചെയ്യുന്നു. അരൂരിലെ പഴക്കം ചെന്ന മറ്റൊരു ക്ഷേത്രമാണ് വട്ടക്കേരി ശ്രീകണ്ഠകര്ണ്ണക്ഷേത്രം. അരൂരില്‍ ശ്രീകൃഷ്ണസ്വാമിപ്രതിഷ്ഠയുള്ള ഒരേയൊരു ക്ഷേത്രമാണ് പാവുമ്പയില്ക്ഷേത്രം. ആഴ്വാഞ്ചേരി തമ്പ്രാക്കളുടേതായിരുന്നു ക്ഷേത്രം. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ആഴ്വാഞ്ചേരിയില്‍ നിന്നും വിഗ്രഹവുമായി പുറപ്പെട്ട ആളുകള്‍ ഇന്നു ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പ്രതിഷ്ഠ നടത്തി. ദേശീയപാത 47-നു അഭിമുഖമായി തലയുയര്ത്തിനില്ക്കുന്ന സെന്റ് അഗസ്റ്റിന്‍സ് പള്ളി ആരെയും ആകര്‍ഷിക്കും. അരൂര്‍പള്ളി തിരുസഭാപണ്ഡിതനും, ഗുരുവും, വേദശാസ്ത്രജ്ഞാനികളില് അഗ്രഗണ്യനുമായ വിശുദ്ധ അഗസ്ത്യാനോസിന്റെ നാമധേയത്തില്‍ സ്ഥാപിതമായിട്ടുള്ളതാണ്. 1877-ല്‍ പള്ളിയുടെ പണി പൂര്‍ത്തിയായതായി കണക്കാക്കാം. സെന്റ് അഗസ്റ്റിന്‍സ് പള്ളിയുടെ ആഭിമുഖ്യത്തിലാണ് അരൂരിന്റെ സാമൂഹ്യ-സാംസ്കാരികമേഖലയ്ക്ക് ഉന്മേഷവും ഉണര്‍വ്വും പകര്‍ന്ന് വിദ്യാലയങ്ങളും സാമൂഹ്യസേവന പ്രസ്ഥാനങ്ങളും ഉടലെടുത്തത്. ചന്തിരൂര്‍ മൂസ്ളിം പള്ളിയ്ക്ക് സൂമാര്‍ 150 വര്‍ഷത്തെ പഴക്കം കാണും. ആയിരത്തില്‍പരം മുസ്ളിം കുടുംബങ്ങള്‍ ഈ പള്ളിക്കു കീഴില്‍ വരുന്നു. ലക്ഷദ്വീപ് നിവാസിയായിരുന്ന ഒരു തങ്ങളും വടുതല അബ്ദുള്‍ കരീം മുസ്ള്യാര് എന്ന പ്രമുഖ പണ്ഡിതനും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. സ്വദേശീയരും വിദേശിയരുമായ അനേകം പേര് ഇവിടെ വന്ന് പഠനം നടത്തുന്നുണ്ട്. അരൂരിലെ കേന്ദ്രപള്ളിയായ ഇതിന്റെ കീഴില്‍ പത്തു സമസ്കാരപള്ളികളുണ്ട്. അതില്‍ ചന്തിരൂര്‍ ജുമാമസ്ജിദ്, മസ്ജിദല്‍ അമാന്‍, ചെട്ടുതറപ്പള്ളി മുതലായവ വെള്ളിയാഴ്ചനമസ്കാരമുള്ള പ്രധാന പള്ളികളാണ്. സാംസ്കാരികകേരളത്തിന് അരൂര്‍ സംഭാവന നല്കിയ പ്രുഖര്‍ നിരവധി പേരാണ്. അവരില്‍ പ്രമുഖരായിരുന്നു കെ.കുഞ്ചുനായര്‍ എന്ന കെ.കെ.അരൂര്‍, വിദ്വാന് ജി.കുമാരന്നായര്, അരൂര്‍ കുട്ടന്‍പിള്ള ഭാഗവതര്‍ മുതലായവര്‍. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ സ്ഥാപകനായ വൈദ്യരത്നം പി.എസ്.വാര്യര്‍ നടത്തിയിരുന്ന പരമശിവവിലാസം നാടകകമ്പനിയില്‍ നടനായിരുന്ന കെ.കുഞ്ചുനായര്‍ എന്ന കെ.കെ.അരൂര്‍ സേലം മോഡേണ്‍ തീയേറ്റര്‍ നിര്‍മ്മിച്ച ബാലന് എന്ന ആദ്യ മലയാളചിത്രത്തില്‍ നായകനടനായി പ്രത്യക്ഷപ്പെട്ടു. രണ്ടാമത്തെ ചിത്രമായ ജ്ഞാനാംബികയിലും അദ്ദേഹം തന്നെയായിരുന്നു നായകന്. കേരളകേസരി എന്ന ചിത്രത്തിലും വൈക്കംമണിയോടൊപ്പം അദ്ദേഹം പ്രധാനവേഷം ചെയ്തിട്ടുണ്ട്. ഹരികഥാകാരനായി കേരളത്തിലുടനീളം പ്രസിദ്ധിയാര്ജ്ജിച്ചിട്ടിട്ടുണ്ട്. കര്‍ണ്ണാടകസംഗീതത്തിലും പ്രാവീണ്യമുണ്ടായിരുന്ന കെ.കെ.അരൂരിന് ധാരാളം ശിഷ്യന്മാരും ഉണ്ടായിരുന്നു. 1953 ഒക്ടോബര്‍ 13-ാം തീയതി അരൂര്പഞ്ചായത്ത് ആഫീസ്, അതുവരെ പ്രവര്‍ത്തിച്ചിരുന്ന ചന്തിരൂരില്‍ നിന്നും അരൂര്‍ അമ്പലം ജംഗ്ഷനു സമീപമുള്ള അംബികാഭവനത്തിലേക്കും അതിനുശേഷം സഹകരണസംഘം വക കെട്ടിടത്തിലേക്കും മാറ്റിസ്ഥാപിച്ചു. അസിസ്റ്റന്റ് ഡയറക്ടറുടെ 12.10.53-ലെ ജി1-497/53-ാം നമ്പര്‍ ഓഫീസ് ഉത്തരവ് പ്രകാരം അരൂര്‍ പഞ്ചായത്തിലെ എരമല്ലൂര്‍ പ്രദേശം എഴുപുന്ന പഞ്ചായത്തിലാക്കി പുന:ക്രമീകരിച്ചു. 18.7.57-ലെ 5-ാം നമ്പര്‍ നിശ്ചയപ്രകാരം 8 വാര്‍ഡുകളുണ്ടായിരുന്ന പഞ്ചായത്ത് 10 വാര്‍ഡുകളായി പുന:സംഘടിപ്പിക്കപ്പെട്ടു. പുന:സംഘടനയില്‍ 10 വാര്‍ഡു മെമ്പര്‍മാരെ കൂടാതെ ഒരു റിസര്വ്വേഷന് സീറ്റു കൂടി അനുവദിക്കപ്പെട്ടു. അരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഏകദേശം മധ്യഭാഗത്തുകൂടി തെക്കുവടക്കായി എന്‍.എച്ച്-47 കടന്നുപോകുന്നു. പഴയ ദേശീയപാത അരൂര്‍ മുക്കം ഭാഗത്തുനിന്നുമായിരുന്നു തെക്കോട്ട് പോയിരുന്നത്. ബൈപാസ് റോഡ് ഗതാഗതത്തിന് തുറന്നപ്പോള്‍ അരൂര്‍-കുമ്പള പാലം കടന്ന് പുതിയ പാത ബൈപാസ് ജംഗ്ഷനില്‍ വച്ചു പഴയ പാതയുമായി യോജിക്കുകയാണുണ്ടായത്. എറണാകുളത്തുനിന്നും ആലപ്പുഴക്കുള്ള തീവണ്ടി ഗതാഗതത്തിനായി അരൂര്‍-കുമ്പളം പാലത്തിനും അരൂര്‍-ഇടക്കൊച്ചി പാലത്തിനും ഇടയ്ക്കായി ഒരു റെയില്‍വേപാലവും സ്ഥിതി ചെയ്യുന്നു. അരൂര്‍-കുമ്പളം പാലം വന്നതോടെ അരൂര്‍ പഞ്ചായത്തില്‍ നിന്നും എറണാകുളം, തൃപ്പൂണിത്തുറ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറഞ്ഞു. അരൂര്‍ പഞ്ചായത്തില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചത് മത്സ്യസംസ്കരണകേന്ദ്രങ്ങളുടെ ആവിര്‍ഭാവത്തോടെയാണ്. എതാനും വര്‍ഷം മുമ്പുവരെ തികച്ചും കാര്‍ഷികപ്രദേശമായിരുന്ന അരൂര്‍ പില്ക്കാലത്ത് കാര്‍ഷികമേഖലയെ അവഗണിച്ചു എന്നു തന്നെ പറയാം. പകരം വ്യവസായികമായി മുന്നോട്ടു പോകുകയും ചെയ്തു. 1967 ഫെബ്രുവരിയില്‍ ആരംഭിച്ച 9 മാസക്കാലം നീണ്ടുനിന്ന വെള്ളുത്തുള്ളിയിലെ ഐതിഹാസികമായ സമരം സംസ്ഥാനമൊട്ടുക്ക് ശ്രദ്ധ പിടിച്ചുപറ്റിയതാണ്. വെളളുത്തുള്ളിയിലെ മത്സ്യം പിടിച്ചും, കക്കാ വാരിയും ഉപജീവനം കഴിച്ചിരുന്ന ജനങ്ങളുടെ തൊഴിലിനു ഭീഷണിയായി സ്ഥലം ആ മേഖലയില്‍പ്പെടാത്ത ആളുകള്‍ക്ക് പതിച്ചുകൊടുക്കുന്ന നീക്കത്തിനെതിരെയായിരുന്നു പ്രസ്തുതസമരം. ചേര്‍ത്തല അറക്കപ്പറമ്പില്‍ കുര്യന് മകന് ആന്റണി കേരളരാഷ്ട്രീയത്തിലെ എ.കെ.ആന്റണിയായി മാറിയതും ഈ സമരത്തിന്റെ അനന്തരഫലമായിരുന്നു.