ഇത് അപ്ഡേഷന്‍ നടന്നു കൊണ്ടിരിക്കുന്ന സൈറ്റാണ്
പഞ്ചായത്തിന്‍റെ ഭുമിശാസ്ത്രം

കേരളത്തിലെ ഭൂമിയുടെ വിവിധതലങ്ങള്‍ തിരിച്ചു കാണിക്കുന്ന ജിയോളജിക്കല്‍ സര്‍വ്വേയുടെ ഭൂപടത്തില്‍ നിന്നും മണല്‍പ്രദേശങ്ങള്‍ ഏറ്റവും ഒടുവിലായി രൂപം കൊണ്ടതാണെന്ന വസ്തുത മനസ്സിലാക്കാന്‍ കഴിയും. ഭൂപ്രകൃതി അനുസരിച്ച് അരൂര്‍ ഗ്രാമപഞ്ചായത്ത് നിമ്നോന്നതങ്ങളില്ലാത്ത സമതലഭൂമിയാണ്. കായലോരങ്ങളില്‍ അധികവും പൊക്കാളി കൃഷി നടത്തിയിരുന്ന നിലങ്ങളായിരുന്നു. ചെളി കലര്‍ന്ന ഫലപുഷ്ടിയുള്ളതും ഈര്‍പ്പം കലര്‍ന്നതുമായ മണലാണ് ഈ പ്രദേശത്തുള്ളത്. പഞ്ചായത്തിന്റെ ഉള്‍പ്രദേശങ്ങള്‍ ചൊരിമണല്‍ നിറഞ്ഞതും, ഈര്‍പ്പം ഗ്രഹിച്ചുവയ്ക്കാന്‍ കഴിവില്ലാത്തതുമാണ്. കുടിക്കാനും ജലസേചനത്തിനും വേണ്ടിയുള്ള ജലത്തിന്റെ മുഖ്യസ്രോതസ്സ് മഴവെള്ളമാണ്. തെക്കുപടിഞ്ഞാറന്‍ ഇടവപ്പാതിയും വടക്കുകിഴക്കന്‍ തുലാവര്‍ഷവും ഇവിടെ സമൃദ്ധിയായി മഴ എത്തിക്കുന്നു. മൂന്നു വശവും ഓരുവെള്ളത്താല്‍(ലവണജലം) ചുറ്റപ്പെട്ടതുമൂലം ശുദ്ധജലക്ഷാമം തീരപ്രദേശങ്ങളില്‍ രൂക്ഷമാണ്. പഞ്ചായത്തില്‍ തലങ്ങും വിലങ്ങുമായി ഒരുകാലത്തു സ്ഥിതി ചെയ്തിരുന്ന തോടുകളില്‍ പലതും ഇന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. പഞ്ചായത്തിലെ മറ്റു ജലസ്രോതസ്സുകള്‍ കിണറുകളും കുഴല്‍കിണറുകളുമാണ്. മൊത്തം വിസ്തീര്‍ണ്ണത്തിന്റെ കഷ്ടിച്ചു 30% ഭാഗത്തു മാത്രമേ ശുദ്ധജല ലഭ്യതയുള്ളു. അരൂര്‍ പഞ്ചായത്തിന്റെ പ്രത്യേകത വേമ്പനാട്ടു കായലുമായുള്ള അതിന്റെ സാമീപ്യവും സമ്പര്‍ക്കവും ആണ്. പഞ്ചായത്തിന്റെ വടക്കുഭാഗത്തും കിഴക്കുഭാഗത്തും വേമ്പനാടുകായലും പടിഞ്ഞാറുഭാഗത്ത് വേമ്പനാട്ടുകായലിന്റെ ഭാഗമായ കുമ്പളങ്ങികായലുമാണ്. ഈ പഞ്ചായത്തിന്റെ കായലോര പ്രദേശം ജനസാന്ദ്രത കൂടിയതാണ്. ചൊരിമണല്‍ നിറഞ്ഞ സമതലഭൂമിയാണ് ഈ പ്രദേശം. മുഖ്യകൃഷി തെങ്ങും നെല്ലുമാണ്. വാഴ, മരച്ചീനി, പച്ചക്കറി, പയറുവര്‍ഗ്ഗങ്ങള്‍, കശുമാവ്, കമുക്, നാട്ടുമാവ് തുടങ്ങിയവയും അങ്ങിങ്ങായി കൃഷി ചെയ്യുന്നു. ഭൂപ്രദേശത്തിന്റെ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 3 മീറ്ററും കായലോരപ്രദേശത്തിന്റേത് ഒരു മീറ്ററുമാണ്. നാളികേരമാണ് ഇവിടുത്തെ മുഖ്യകാര്‍ഷികവിള. തെങ്ങുകൃഷി നടക്കുന്നത് മൊത്തം വിസ്തീര്‍ണ്ണത്തിന്റെ 67% പ്രദേശത്ത് മാത്രമാണ്. പഞ്ചായത്തതിര്‍ത്തിയില്‍ ഏകദേശം 240 ഹെക്ടര്‍ സ്ഥലത്ത് പൊക്കാളികൃഷി നടന്നുവന്നിരുന്നു. വിരിപ്പും മുണ്ടകനും ഇവിടത്തെ പ്രധാന നെല്‍കൃഷിയായിരുന്നു. മത്സ്യബന്ധനത്തിലൂടെ മുതല്‍ മുടക്കില്ലാത കൃഷിയില്‍ നിന്നും പ്രതീക്ഷിക്കാവുന്നതില്‍ കൂടുതല്‍ ആദായം കിട്ടുമെന്നായപ്പോള്‍ പലരും കൃഷി സ്ഥിരമായി ഉപേക്ഷിച്ചു. ഫലത്തില്‍ നെല്‍കൃഷി പുറന്തള്ളപ്പെട്ടുപോവുകയും മത്സ്യകൃഷി നിലവില്‍ വരുകയും ചെയ്തു. നെല്‍കൃഷി പഞ്ചായത്തതിര്‍ത്തിയില്‍ 20 ഹെക്ടര്‍ സ്ഥലത്തേക്കു ചുരുങ്ങിയ ദയനീയചിത്രമാണ് ഇന്നു കാണുന്നത്. ബാക്കി കൃഷിസ്ഥലം തരിശിടുകയോ മത്സ്യകൃഷിക്കുപയോഗിക്കുകയോ ചെയ്യുന്നു.

🌊 കായലുകളാൽ ചുറ്റപ്പെട്ട പ്രദേശം

അരൂർ പഞ്ചായത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് മൂന്ന് വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ഉപദ്വീപ് (Peninsula) സമാനമായ പ്രദേശമാണ് എന്നതാണ്. കൊച്ചി കായലിന്റെയും വേമ്പനാട്ടു കായലിന്റെയും ഭാഗങ്ങൾ ഈ പ്രദേശത്തെ മനോഹരമാക്കുന്നു. കായലുകളോട് ചേർന്നുകിടക്കുന്നതിനാൽ തന്നെ തീരദേശ ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്.

🏝️ കൈപ്പാട് നിലങ്ങളും ചെമ്മീൻ കെട്ടുകളും

ഭൂമിശാസ്ത്രപരമായി താഴ്ന്ന പ്രദേശങ്ങൾ നിറഞ്ഞതാണ് അരൂർ. പരമ്പരാഗതമായി നെൽകൃഷിയും ചെമ്മീൻ വളർത്തലും മാറിമാറി നടത്തുന്ന കൈപ്പാട് നിലങ്ങളും വിസ്തൃതമായ ചെമ്മീൻ കെട്ടുകളും (Prawn filtrations) ഇവിടുത്തെ ഭൂപ്രകൃതിയുടെ പ്രധാന ഭാഗമാണ്. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ഈ തണ്ണീർത്തടങ്ങൾ.

🏖️ മണ്ണും ഭൂഘടനയും

തീരദേശ മേഖലയായതിനാൽ തന്നെ മണൽ കലർന്ന പശിമരാശി മണ്ണും എക്കൽ മണ്ണുമാണ് ഇവിടെ പൊതുവായി കാണപ്പെടുന്നത്. കായലോരങ്ങളിൽ ചെളി നിറഞ്ഞ മണ്ണും കാണാം. ഈ സവിശേഷമായ മൺഘടന തെങ്ങ് കൃഷിക്കും കായൽ മത്സ്യബന്ധനത്തിനും മികച്ച സാഹചര്യമൊരുക്കുന്നു.

🗺️ തന്ത്രപ്രധാനമായ അതിർത്തി

ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അരൂർ, എറണാകുളം (കൊച്ചി) ജില്ലയുമായി അതിർത്തി പങ്കിടുന്നു. കൊച്ചി നഗരത്തോട് ചേർന്നു കിടക്കുന്നതിനാൽ ഈ തീരദേശ ഭൂമി അതിവേഗം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യവസായ-ആവാസ മേഖല കൂടിയാണ്.

Geography of the Panchayat